പേജുകള്‍‌

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

വേനല്‍ മരം

 വേനല്‍ മരം

















മഞ്ഞക്കിളിയുടെ നീണ്ട വാല്‍ 
ഇളകുന്നത്  ഭൂമിയുടെ ചൂടാറ്റാന്‍.
അത് ഒരു മഴമേഘത്തേയും ക്ഷണിക്കുന്നില്ല 
ഒന്നു പൊട്ടിക്കരയാന്‍. 
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്നു പാടി 
ഇളം കാറ്റ് മാവിലൊളിച്ചു.
മര്‍മ്മരം മറന്ന ഇലകള്‍ 
പെട്ടെന്ന് വൃദ്ധരായി.
അവ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി. 
പ്രകൃതിയുടെ തിരുശേഷിപ്പുകളില്‍ മനം നൊന്ത്  
മഞ്ഞക്കിളി ഒരു പുല്‍ക്കൊടിയുടെ
വേരു തേടിയലഞ്ഞു, ഭൂമിയുടെ 
നനവറിയാന്‍.
മഞ്ഞക്കിളിയുടെ നീണ്ട വാല്‍
ഇരിപ്പ്മുറിയുടെ അലങ്കാരമായി 
കുന്നിറങ്ങി. 
എന്നിട്ടും ഭൂമിയെ നനയ്ക്കാന്‍ 
ഒരു തുള്ളി കണ്ണുനീര്‍ പോലും പെയ്തില്ല. 
പകല്‍ തുടുത്തു,
ഉച്ചയിരുണ്ടു,
ഇരുട്ട് പെയ്തിറങ്ങി.
അപ്പോഴും, 
ചിതയെരിയിക്കാനുള്ള  തീ 
കൊക്കിലൊതുക്കി
കിളി പറക്കുകയാണ് 
ഒരു തണല്‍ തേടി.
 ************