പേജുകള്‍‌

2010, ജൂൺ 5, ശനിയാഴ്‌ച

കുരിശു മരണം

കുരിശു മരണം 

















നീല മലകള്‍ പൊഴിക്കുന്ന
മഞ്ഞിന്റെ സൂചിത്തുമ്പുകള്‍
വരണ്ട തൊലിക്കുള്ളില്‍
കടുത്ത നീറ്റലായി
ഭൂമിയിലേക്കിറങ്ങുന്നു.
കത്തിയമര്‍ന്ന വൃക്ഷത്തലപ്പുകള്‍ക്ക്
ഒരു പിടി നിശ്വാസവുമായി
പൂത്തുലഞ്ഞ കുടമുല്ലയുടെ പുഞ്ചിരി
എന്നേ നഷ്ടമായിരിക്കുന്നു!
വേദനയും വ്യഥയും വിങ്ങുന്ന മാനത്ത് 
വെളുത്തു ചിതറിയ പഞ്ഞിക്കെട്ടുകളുടെ
പാശ്ചാത്തലം വരയ്ക്കാന്‍
ഒരു ഉണങ്ങിയ ചില്ലയുടെ
നിഴല്‍പോലുമില്ലാതായിരിക്കുന്നു.
ഇളം മഞ്ഞേറ്റു കുതിന്ന
ചില്ലിന്‍ കഷണങ്ങള്‍
തെളിവെയിലില്‍
മനസ്സിലേക്കൊരു വാള്‍മുനയായി
ആഴ്ന്നിറങ്ങുന്നു.

ഡിസംബര്‍ !
നരച്ച താടിയുടെ
നീണ്ട മുള്‍മുനകളായി
ഊര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തിരശ്ശില
ക്രിസ്തുമസ് ഗാനം പൊഴിക്കുന്നു.
പടിഞ്ഞാറൊരു നക്ഷത്രം
പതുക്കെ തലചായ്ക്കാന്‍ തുടങ്ങുന്നു.
ചക്രവാളത്തില്‍ നിന്നൊരശരീരി...
എവിടെയോ ഒരു കാലത്തിന്റെ പിറവി !
ഒലിവിലകളുടെ
സാന്ദ്രമായ പിയാനോശ്രുതിയില്‍
കിഴക്കുനിന്നും വന്ന രാജാക്കന്മാര്‍
തങ്ങളുടെ കാണിക്കയെക്കുറിച്ച്
നക്ഷത്രങ്ങളെ സാക്ഷിനിര്‍ത്തി
പരസ്പരം തര്‍ക്കിച്ചിരിക്കണം......
ചെമ്മരിയാട്ടിന്‍കൂട്ടങ്ങള്‍
അവര്‍ക്ക് വഴി കാണിച്ച് ദൗത്യം നിറവേറ്റി
നിശ്ശബ്ദരായി, കുരിശുമരണം വരിക്കാന്‍
ഗാഗുല്‍ത്തായിലേക്ക് നടന്നു.
............................................

1 അഭിപ്രായം:

  1. കത്തിയമര്‍ന്ന വൃക്ഷത്തലപ്പുകള്‍ക്ക്
    ഒരു പിടി നിശ്വാസവുമായി
    പൂത്തുലഞ്ഞ കുടമുല്ലയുടെ പുഞ്ചിരി
    എന്നേ നഷ്ടമായിരിക്കുന്നു!
    വേദനയും വ്യഥയും വിങ്ങുന്ന മാനത്ത്
    വെളുത്തു ചിതറിയ പഞ്ഞിക്കെട്ടുകളുടെ
    പാശ്ചാത്തലം വരയ്ക്കാന്‍
    ഒരു ഉണങ്ങിയ ചില്ലയുടെ
    നിഴല്‍പോലുമില്ലാതായിരിക്കുന്നു.

    നല്ല വരികള്‍ :)

    മറുപടിഇല്ലാതാക്കൂ