പേജുകള്‍‌

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

പഴയ കലാലയത്തിലേക്കൊരു യാത്ര


സെപ്റ്റംബര്‍ ഇരുപത്തി അഞ്ചാം തിയതി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആലുവ യു.സി.കോളജില്‍ പോകേണ്ടിവന്നു. ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതായിരുന്നു ആ പരിസരം. ഒരു കൊച്ചു കുന്നിനെ ചുറ്റി കയറിപ്പോകുന്ന ചെമ്മണ്‍പാത, അവിടവിടെ ചിതറിക്കിടക്കുന്ന ഡിപ്പാര്‍ട്ട് മെന്റുകള്‍, ഇപ്പോഴും ഞങ്ങള്‍ക്ക് സാന്ത്വനമരുളിയിരുന്ന വര്‍ക്കി മെമ്മോറിയല്‍ ഹാള്‍, ലൈബ്രറി കെട്ടിടം, എം.എച്, യു.പി കെട്ടിടങ്ങള്‍, ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാന്റീന്‍, പകല്‍ സ്വപ്നം കാണാനുള്ള ഇടമായ ലൈബ്രറിക്ക് പിന്നിലെ ഗാലറി- എത്രയോ ഓര്‍മ്മകള്‍ഉറങ്ങിക്കിടക്കുന്ന ആ കലാലയത്തിന്റെ വഴിത്താരയിലൂടെ നടന്നപ്പോള്‍ , മുപ്പതു 
വര്ഷം മുന്‍പ് അവിടെ കഴിച്ചുകൂട്ടിയ മൂന്നു വര്ഷം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സില്‍ ഓര്‍മ്മയായി നിറഞ്ഞു. പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിയുടെ മുന്നില്‍ നിന്നപ്പോള്‍ കണ്ട ആ നടുക്കുന്ന കാഴ്ച കരലളിയിക്കുന്നതായിരുന്നു. ഇന്നലെകളില്‍ ഞങ്ങള്‍ക്ക് നിരന്തരം സമൃദ്ധമായ തണല്‍ നല്‍കിയിരുന്ന മഹാഗണി മരങ്ങള്‍ ഇന്ന് ഓര്‍മ്മയായിരിക്കുന്നു. പ്രകൃതിയുടെ വിശ്വരൂപം അശനിപാതമായി പതിച്ചപ്പോള്‍ ഞങ്ങളുടെ തണലുകള്‍ അഗ്നി ഗോളമായി അവസാനിച്ച ആ കുളിരോര്‍മ്മകള്‍ക്ക് ഒരു സ്മാരകം - ആ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. കുറേ നേരം ആ ശില്‍പ്പവും നോക്കി പുല്‍ത്തകിടിയില്‍ ഇരുന്നുപോയി.

മുപ്പതു വര്ഷം മുമ്പുള്ള കാംപസ്സല്ല ഇന്നുള്ളത്. അന്ന് ഒരുപാടു തുറസ്സായ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു കറങ്ങി നടക്കാന്‍. എല്ലായിടത്തും ചിറകു വിരിച്ചു നില്‍ക്കുന്ന തണല്‍ മരങ്ങള്‍. ഇന്ന് ആ തുറസ്സായ സ്ഥലങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. പുതിയ പുതിയ കെട്ടിടങ്ങള്‍ ഒരുപാട് ഉയര്‍ന്നു. എന്നാല്‍ ആ കലാലയത്തിന്റെ ആത്മാവ് കൈമോശം വന്ന പോലെ ഒരു നിര്ജീവാവസ്ഥ ചരല്‍ വഴികളിലാകെ ചിതറിക്കിടക്കുന്നതായി തോന്നി.

അധികം നേരം അവിടെ തങ്ങാന്‍ തോന്നിയില്ല. വേഗം തിരിച്ചു പോന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ